
'ഒരു ചുംബനത്തിന്റെ മധുരം.'. എത്ര കേട്ടാലും ഇഷ്ടം കുറയാത്ത ഒരു വാചകം. അതിലും മധുരിക്കുന്ന ഒരുവാക്ക് കൂടിയുണ്ട്. 'ഉമ്മ'.
സാഹിത്യക്കടലില് നീന്താന് മടിയുള്ളവരും,
ബുദ്ധിജീവികളുംവരെ സ്വന്തം കാമുകിയ്ക്ക് നല്കുന്നത് ചുംബനമല്ല...
അമര്ത്തിയൊരുമ്മ. പദത്തിന്റെ ആഗമനം എങ്ങനെയോ ആകട്ടെ,
പക്ഷേ അതി തീവ്രമായ സംവേദനക്ഷമതയുള്ള ഒരു വാക്കെന്ന നിലയില്
മനുഷ്യന്റെ ആശയവിനിമയമായും ഇതിന് ബന്ധമുണ്ട്. രണ്ടു മൃഗങ്ങള്
തമ്മില് നേര്ക്കുനേര് വരുമ്പോള് പരസ്പരം ഗന്ധം മണത്തറിയുന്നു. ഒരേ വിഭാഗത്തിലുള്ളവ മൂക്കു ചേര്ത്ത് ഉരസുന്നു.
അടുപ്പത്തിന്റേതായുള്ള പുതിയ വഴികളില് അവര് വേരുറപ്പിക്കുകയാണ്.
'നിന്റെ ചുണ്ടുകളെ നീ പുച്ഛിക്കാന് പഠിപ്പിക്കരുത്, അവ
ചുംബിക്കാനായി സൃഷ്ടിക്കപ്പെട്ടവയാണ്.' എന്ന് ഷേക്സ്പിയര്
പറയുന്നു. മനുഷ്യന്റെ പ്രാഥമികവും പ്രധാനമായതുമായ അവയവം എന്ന
നിലയില് ചുണ്ടുകള്ക്കുള്ള പ്രസക്തി തന്നെയാണിത് പറയുന്നത്. ആ
ചുണ്ടുകള് കൊണ്ട് മനസ്സു നോവിക്കാം, അപമാനിക്കാം, സ്നേഹിക്കാം,
ഉമ്മ കൊടുക്കാം.. അങ്ങനെ എന്തൊക്കെ. മികച്ച ആശയ വിനിമയ ഉപാധി എന്ന നിലയില് ചുണ്ടുകള്ക്കുള്ള സ്ഥാനം തന്നെയാണ് ഈ
ചുംബനത്തെ 'ഉമ്മ' ആക്കുന്നതും.
ഉമ്മകള്ക്ക് സാഹചര്യമനുസരിച്ച് വ്യത്യാസങ്ങളുണ്ട്. അമ്മ കുഞ്ഞിനു
നല്കുന്ന ഉമ്മയല്ല കാമുകന് കാമുകിക്കു നല്കുന്നത്, മുത്തശ്ശന്
കൊച്ചുമകനു നല്കുന്നത്, സുഹൃത്ത് സുഹൃത്തിനു നല്കുന്നത്. ഇതു
പറഞ്ഞപ്പോഴാണ്, വൈദേശീയരുടെ ചില
കണ്ടുമുട്ടലുകളെ ഓര്മ്മിക്കുന്നത്. പരിചയമുള്ളവരെ കാണുമ്പോള് ഒന്ന്
മാറോടണയ്ക്കുക, ചിലര്ക്ക് ഒരു ഉമ്മ നല്കുക. എന്തുകൊണ്ട് വിദേശീയരെ അന്ധമായി അനുകരിക്കുന്ന മലയാളികള്ക്ക് ഈയൊരു
ശീലം തുടങ്ങി വച്ചു കൂട? ഒരു സിനിമ ഓര്ക്കുന്നു,
'മുന്നാഭായി എം ബി ബി എസ്.' അതില് നായകന് തനിക്കടുത്തുള്ള
ആള്ക്കാരെ സന്തോഷിപ്പിക്കുന്നത് അവരെ ചേര്ത്തണച്ചിട്ടാണ്.
അഭിനന്ദനം ആ മാറോടു ചേര്ക്കലില് സാദ്ധ്യമാക്കുന്നു. അതൊരു
ആശയവിനിമയമാണ്. ചേര്ത്തു പിടിയ്ക്കുന്ന ആള്ക്കാരുടെ ഹൃദയങ്ങള് തമ്മിലുള്ള സംവേദനമാണ്, അവിടെ നടക്കുക.
തീര്ത്തും സൌഹാര്ദ്ദപരമായി ഹഗ്ഗ് ചെയ്യുന്ന രണ്ടു പേര്ക്കിടയില്
പ്രണയമുണ്ടാകാം എന്ന കപട
സദാചാരബോധം മലയാളികളെ പിടി വിടാത്ത
കാലത്തോളം അതിമനോഹരമായ ഈ ആശയവിനിമയ രീതി നമ്മളില്
എത്താന് പോകുന്നില്ല.
ഈ അടുത്താണ്, ഞാന് ചേര്ത്തണയ്ക്കാന് പഠിച്ചത്. മുന്പ്
പലപ്പോഴും പുറത്തു ജോലി ചെയ്യുന്ന സുഹൃത്തുക്കള് എത്തുമ്പോള്
ചേര്ത്തു പിടിക്കലിന്റെ സുഖമറിഞ്ഞിട്ടുണ്ട്. അത്
സ്വാഭാവികമായി ഉണ്ടാകുന്നതുമാണ്. ഈയിടെ ഒരു വിദേശ
വനിതയെ പരിചയപ്പെട്ടു. പിരിയാന് നേരം ഹസ്തദാനത്തിനു
പകരം ഇരു കയ്യും നീട്ടി, ഒരു ചേര്ത്തുപിടിയ്ക്കല്. പക്ഷേ സ്നേഹത്തിന്റെ ഒരു വെള്ളരിപ്രാവ് പറന്നു പോയതു
പോലെ തോന്നി. അതില് ലൈംഗികതയില്ല, പ്രണയമില്ല.
ആശയസംവേദനത്തിനു പുത്തന് വഴി കണ്ടു പിടിച്ച ഒരു ആനന്ദം.
ഇതേ അനുഭവമുണ്ടായ പ്രായമുള്ള ഒരു ബന്ധു പറഞ്ഞത് ഇങ്ങനെ, 'എത്ര
സ്നേഹമുള്ള കുട്ടിയാ അത്, കണ്ടപ്പോഴേ ഓടി വന്നു
കെട്ടിപ്പിടിച്ചു' എന്തുകൊണ്ടാണ് നാം മലയാളികള് ഇത്ര മനോഹരമായ ഒരു
ആശയവിനിമയ സമ്പ്രദായം സ്വന്തമാക്കാത്തത്. ഭയമാണ്. പ്രായമുള്ള
ഒരു പുരുഷന് മകളുടെ പ്രായമുള്ള പെണ്കുട്ടിയെ ചേര്ത്തണയ്ക്കാന്
മടിക്കുന്നതിന്റെ പിന്നിലെ ഭയം വ്യക്തമാണ്. 'അത്
അവന്റെ ദുരുദ്ദേശമാണ്' എന്ന ആരോപണം താങ്ങാനാകില്ല. എത്ര
അച്ഛന്മാര് തങ്ങളുടെ പെണ്മക്കളെ സ്നേഹത്തോടെ വാത്സല്യത്തോടെ ചേര്ത്തു
പിടിയ്ക്കാറുണ്ട്, നെറുകയില് ഉമ്മ നല്കാറുണ്ട്?
കുട്ടികള്ക്കും ഭയമുണ്ട്, അവര്
കാണുന്നതും കേള്ക്കുന്നതും സ്നേഹത്തെ കുറിച്ചല്ല
വെറുപ്പിനെ കുറിച്ചാണ്, നിരാശയെ കുറിച്ചാണ്,
അക്രമണങ്ങളെ കുറിച്ചാണ്. അച്ഛന്റെ ഒരു അനുജനുണ്ട്, കലാകാരന്, രസികന്. കാണുമ്പോഴേ ആണ് പെണ്
ഭേദമില്ലാതെ ചേര്ത്തു പിടിയ്ക്കും, തലയില് മെല്ലെ തടവും, അതില്
ലഭിക്കുന്ന വാത്സല്യത്തിന്റെ തിരയിളക്കം സ്വന്തം അച്ഛനില്
നിന്നു പോലും അറിഞ്ഞിട്ടില്ല എന്നത് ഒരു മകളുടെ സ്വകാര്യ
ദുഖമാണ്. അതില് ഒരിക്കലും അശ്ലീലതയുടെ കൂട്ടിചേര്ക്കലുകളില്ല.
ലൈംഗികതയുടെ ചുവയുള്ള ഓരോ സ്പര്ശവും എന്തിന്, നോട്ടം വരെ ഒരു സ്ത്രീയെ ദുഖിപ്പിക്കും, വെറുപ്പിക്കും.
സ്പര്ശനം വാത്സല്യമാണോ കാമമാണോ എന്ന് തിരിച്ചറിയാന്
അവളെ ആരും പഠിപ്പിക്കുകയും വേണ്ട.
ഇങ്ങനെയൊരു നിയമം വരാന്
നോക്കിയിരിക്കുകയാണോ ഇവിടുത്തെ മനോരോഗികളെന്നു
തോന്നുന്ന പോലെ കാര്യങ്ങളെടുക്കരുത്. എന്നു വച്ചാല് ആണ്കുട്ടികള്
പെണ്കുട്ടികളെ ചേര്ത്തുപിടിക്കണമെന്നല ഉറക്കെ പറയുന്നത്,
എന്നാല് സൌഹാര്ദ്ദപൂര്ണമായ ഒരു അണയ്ക്കല് കുറ്റമാകുന്നില്ല.
ഓരോരുത്തരും ജനിച്ചു ജീവിച്ചു വളര്ന്നു വന്ന സാഹചര്യം വ്യത്യസ്തമാണ്. അച്ഛനില് നിന്ന് ഒരു
ചേര്ത്തണയ്ക്കലിന്റേയോ മധുരതരമായ ഒരു
ഉമ്മയുടേയോ അനുഭൂതിയുണ്ടാകാത്ത ഒരു പെണ്കുട്ടിയ്ക്ക്
സ്വാഭാവികമായും ഒരു ആണ്കുട്ടിയുടെ സൌഹാര്ദ്ദ അണയ്ക്കല്
സ്വീകരിക്കാന് കഴിഞ്ഞു എന്നു വരില്ല. പക്ഷേ കൂടെയുള്ള മറ്റു പെണ്
സുഹൃത്തുക്കളെ ചേര്ത്തു പിടിയ്ക്കാമല്ലോ. തിരിച്ച് ആണ്കുട്ടികള്ക്കും അങ്ങനെ തന്നെ. അതൊരു തുടക്കമാണ്. ഒരു
കെട്ടിപ്പിടുത്തത്തിലൂടെയോ ഒരു സ്നേഹപൂര്ണമായ
ഉമ്മയിലൂടെയോ ഒരാളില് നിന്ന് മറ്റൊരാളിലേയ്ക്ക്
പ്രസരിക്കുന്ന ഹൃദയത്തിലൂടെ പരസ്പരം ഒഴുകുന്ന
സ്നേഹത്തിന്റെ ആശയവിനിമയം അതുല്യമാണ്.
ഇഷ്ടമില്ലാതെ നമുക്കെതിരേ പുറം തിരിഞ്ഞ് നില്ക്കുന്ന ഒരാളേ പോലും ഒരു ചേര്ത്തു പിടിയ്ക്കലിലൂടെ തിരിച്ചെടുക്കാന്
കഴിയും. വിഷമിച്ചു നില്ക്കുന്നവരെ ആനന്ദിപ്പിക്കാന് കഴിയും.
അതിനു വേണ്ടത് അവനവനിലുള്ള മൂന്നക്ഷരം കളയുകയാണ്. EGO, എന്ന
മൂന്നക്ഷരം. എനിക്ക് തുല്യനാണ് മുന്നില് നില്ക്കുന്നവനെന്നുമുള്ള
ബോധത്തില് ഒരുവനെ മാറോടണയ്ക്കാന് കഴിഞ്ഞാല്
അതിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ഊര്ജ്ജത്തിന്റെ തോത് കൂടുതലായിരിക്കും.
സംശയിക്കണ്ട... നാള്ക്കു ശേഷം കണ്ട നിങ്ങളുടെ പ്രിയപ്പെട്ട ആ
സുഹൃത്തിനെ ഒന്നു മാറോടണയ്ക്കൂ.
അടുത്തു നില്ക്കുന്ന മകളെ ചേര്ത്തണച്ച് നെറുകയില് ഒരു ഉമ്മ കൊടുക്കൂ
പിണങ്ങിയിരിക്കുന്ന ഭര്ത്താവിനെ പുറകിലൂടെ ചെന്ന് ഒന്ന് ചേര്ത്തു
പിടിയ്ക്കൂ
ഇവിടെ നഷ്ടമാകുന്ന ഈഗോയിലൂടെ നിങ്ങള് വീണ്ടെടുക്കുന്നത് ചില മധുരങ്ങളാണ്.
സൗഹൃദത്തിന്റെ, ആനന്ദത്തിന്റെ ഒക്കെ പറഞ്ഞറിയിക്കാനാകാത്ത
ആശയകൈമാറ്റങ്ങള്...
No comments:
Post a Comment