Latest News

Monday, 21 November 2016

ഹിമവാന്റെ മടിത്തട്ടിലെ സുന്ദരഗ്രാമങ്ങള്‍

   ഏറെ കാത്തിരുന്ന അവധിക്കാലം വന്നെത്തി. എവിടേക്കാകണം യാത്ര എന്നതുമാത്രമാണ് കണ്‍ഫ്യൂഷന്‍. അപ്പര്‍ ഹിമാലയമോ ലോവര്‍ ഹിമാലയമോ? പാര്‍വതിവാലിയില്‍ പോയ അനുഭവങ്ങള്‍ ചില സുഹൃത്തുക്കള്‍ പങ്കുവെച്ചിരുന്നു. അങ്ങനെയാണ് ഗ്രേറ്റ് ഖീര്‍ ഗംഗ ട്രക്കിങ്ങിനെ പ്പറ്റി അറിയുന്നത്. ശൈത്യകാലത്ത് മഞ്ഞുമൂടി ക്കിടക്കുന്ന ഖീര്‍ ഗംഗയില്‍ വേനലില്‍ താത്കാലിക ഷെല്‍ട്ടറുകള്‍ ഉയരും.
ചെറിയ ശിവക്ഷേത്രവും ചുടുനീരുറവയും ഉള്ള ഖീര്‍ ഗംഗ ഒരു പുണ്യസ്ഥലമായി കണക്കാക്കപ്പെടുന്നു. മറ്റെല്ലായിടവും മഞ്ഞുമൂടിക്കിടക്കുമ്പോള്‍ ചുടുനീരുറവയില്‍ കുളിക്കാനുള്ള അപൂര്‍വ അവസരമാണ് ഖീര്‍ഗംഗ നല്‍കുന്നത്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഇവിടേക്കുള്ള യാത്രയ്ക്ക് അനുയോജ്യം.

യാത്ര തുടങ്ങുകയായി. ഡെറാഡൂണിലെ ഇന്റര്‍ സ്റ്റേറ്റ് ബസ് ടെര്‍മിനലില്‍നിന്ന് വൈകിട്ട് 4.30ന് ട്രക്കിങ്ങിന്റെ ബേസ് ക്യാമ്പായ മണികരണിലേക്ക് ബസ്സ് ഉണ്ടെന്ന് അറിയാമായിരുന്നു. ഒറ്റയ്ക്കൊരു യാത്രയാണ് പ്ലാന്‍ ചെയ്തതെങ്കിലും സ്‌കൂള്‍ സുഹൃത്തായ ജയകൃഷ്ണനും അവന്റെ സുഹൃത്തായ ഹാരൂണും ഈ യാത്രയില്‍ പങ്കുചേര്‍ന്നു. ഒരാഴ്ച സമയം ഉണ്ടായിരുന്നതിനാല്‍ പാര്‍വതിവാലിയും കിന്നൗര്‍വാലിയും സന്ദര്‍ശിക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു.
ഹിന്ദുക്കളുടെയും സിക്കുകാരുടെയും തീര്‍ഥാടനകേന്ദ്രമാണ് മണികരണ്‍. പ്രളയശേഷം മനു മനുഷ്യനെ പുനരുജ്ജീവിപ്പിച്ചത് മണികരണിലാണെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. ഒട്ടേറെ ക്ഷേത്രങ്ങളും ഗുരുദ്വാരയും ഇവിടെയുണ്ട്. ഡെറാഡൂണില്‍നിന്ന് മണികരണ്‍വരെയുള്ള 120 കിലോമീറ്റര്‍ റോഡ് നല്ലതാണ്. അതിനു ശേഷം ഇടുങ്ങിയ പാതയും വളവുകളുമാണ്. സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ മറക്കരുത്.

ഹിന്ദുവിശ്വാസമനുസരിച്ച് ശിവനും പത്നിയായ പാര്‍വതിയും ഈ താഴ്വരയിലൂടെ നടന്നു പോയപ്പോള്‍ പാര്‍വതിയുടെ കമ്മലുകളിലൊന്ന് താഴെവീണു. കമ്മല്‍ ലഭിച്ച ശേഷസര്‍പ്പം അതുമായി ഭൂമിക്ക് അടിയിലേക്ക് മറഞ്ഞു. ശിവന്‍ താണ്ഡവമാടിയപ്പോള്‍ സര്‍പ്പം കമ്മല്‍ പുറത്തേക്കെറിഞ്ഞു. അത് നദിയിലൂടെ മണികരണ്‍വരെ ഒഴുകിയെന്നാണ് കഥ. 1905-ലെ ഭൂകമ്പത്തിന് മുന്‍പുവരെ നദിയിലേക്ക് ആഭരണങ്ങള്‍ എറിയുന്നത് പതിവായിരുന്നു. പുലര്‍ച്ചെ അഞ്ചു മണിക്കാണ് മണികരണില്‍ എത്തിയത്.
ഒരുദിവസം അവിടെ താമസിച്ച് ബാക്കി യാത്ര പ്ലാന്‍ ചെയ്യാമെന്നാണ് തീരുമാനിച്ചത്. രുദ്രകുണ്ഡിലെ സ്‌നാനത്തോടെയാണ് യാത്രയ്ക്ക് തുടക്കമായത്. ശിവ-ശ്രീരാമ പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങള്‍ വഴിനീളെ കാണാം; ഇടയ്ക്ക് ഗുരുദ്വാരകളും. തലപ്പാവ് ധരിച്ച സിക്ക് വിശ്വാസികള്‍ മോട്ടോള്‍സൈക്കിളുകളില്‍ വരുന്നു. ഗുരുദ്വാരകളിലേക്കാണ് അവരുടെ യാത്ര.

പത്തുകിലോമീറ്റര്‍ സഞ്ചരിക്കുന്നതിനിടെ തന്നെ വ്യത്യസ്തമായ ആചാരങ്ങളും സംസ്‌കാരവും മതവിശ്വാസങ്ങളും ദര്‍ശിക്കാന്‍ കഴിയുന്ന ഒരു നാട്ടിലാണല്ലോ ജീവിക്കുന്നത് എന്ന ചിന്ത മനസ്സില്‍ ഒരു ഉന്മേഷം ഉളവാക്കി.  ചുടുനീരുറവയില്‍ കുളിച്ച് തൊട്ടടുത്ത റസ്റ്റോറന്റില്‍നിന്ന് മോമോസ് കഴിച്ച് പുതിയൊരു ദിവസത്തിന് തയ്യാറെടുത്തു. ചുറ്റുമുള്ള മലനിരകളുടെ ഭംഗി ആസ്വദിക്കുന്ന ജനക്കൂട്ടത്തിനിടയിലൂടെ വെറുതെ നടന്നു. അടുത്തദിവസം പോകേണ്ട ബസ്സ് മണികരണില്‍നിന്നാണ് പുറപ്പെടുന്നത് എന്നതിനാല്‍ അവിടെത്തന്നെ താമസിക്കാന്‍ തീരുമാനിച്ചു.
മണികരണില്‍നിന്ന് 4.3 കിലോമീറ്റര്‍ ദൂരെയാണ് കസോള്‍. പാര്‍വതിനദിയുടെ തീരത്തായി വ്യാപിച്ചുകിടക്കുന്ന മനോഹരമായ ഭൂപ്രദേശം. ഇതുവഴിയെത്തുന്ന സഞ്ചാരികളുടെ പ്രധാന സങ്കേതങ്ങളിലൊന്നാണ് ഇത്. റെഗെ ബാറുകളും ബേക്കറികളും കുറഞ്ഞ നിരക്കിലുള്ള ഗസ്റ്റ്ഹൗസുകളും കസോളില്‍ ഉണ്ട്. ഇതില്‍ ഭൂരിഭാഗവും നടത്തുന്നത് ഹിപ്പികളോ ഇസ്രായേലികളോ ആണ്.
ഓള്‍ഡ് കസോള്‍, ന്യൂ കസോള്‍ എന്നിങ്ങനെ ഈ ഗ്രാമത്തെ രണ്ടായി തിരിച്ചിരിക്കുന്നു. ഭക്ഷണപ്രേമികള്‍ക്ക് കസോളിലെത്തിയാല്‍ ഇസ്രായേലി, ഹിമാചല്‍ വിഭവങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. ഞങ്ങള്‍ ഒരു ഇസ്രായേലി റസ്റ്റോറന്റിലാണ് കയറിയത്. വെള്ളക്കടലകൊണ്ടുണ്ടാക്കിയ ഉരുളകള്‍ പിറ്റ ബ്രെഡ്, ഷവര്‍മ, ഫലാഫല്‍ രുചികരമായിരുന്നു ഇസ്രായേലി വിഭവങ്ങള്‍. കസോളില്‍ ഉള്ള ഒരു ഫോറസ്റ്റ് ഓഫീസറുമായി സംസാരിക്കാനിടയായി. അദ്ദേഹം ഞങ്ങള്‍ക്ക് പോകേണ്ട വഴിയും ആവശ്യമായ മുന്‍കരുതലുകളും പറഞ്ഞുതന്നു.

പിറ്റേന്ന് പുലര്‍ച്ചെ ട്രക്കിങ്ങിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി. തണുപ്പിനെ പ്രതിരോധിക്കാന്‍ ആവശ്യമായ വസ്ത്രങ്ങള്‍ അണിഞ്ഞ് ഞങ്ങള്‍ 20 അടി അകലെയുള്ള ബസ് സ്റ്റാന്‍ഡില്‍ എത്തി. ബസ് നേരെ ഭാര്‍സെയ്നിയിലേയ്ക്കാണ്. ഹിമാലയന്‍ മലനിരകളുടെ ഭംഗി പകര്‍ന്നു തരുന്ന വഴി. ഭാര്‍സെയ്നിയില്‍ നിന്ന് ങ്ങള്‍ കല്‍ഗ ഗ്രാമത്തിലെത്തി. ഭാര്‍സെയ്നിയുടെ നേരെ എതിര്‍വശത്തുള്ള കല്‍ഗയില്‍ ലഗേജ് വെക്കാനായിരുന്നു തീരുമാനം. അതിനു പറ്റിയൊരു സ്ഥലം കണ്ടെത്തി.

വെറും നൂറ്റിയന്‍പത് രൂപയാണ് ഒരു ദിവസത്തേക്ക് അവിടെ തങ്ങാനുള്ള വാടക. ലഗേജുകളുടെ സുരക്ഷ ഉറപ്പാക്കാനായി ഞങ്ങള്‍ ഗ്രാമത്തിന്റെ പരിസരത്തു തന്നെയുണ്ടാകുമെന്ന് ആ വീടിന്റെ ഉടമയോടു പറഞ്ഞു. ഖീര്‍ഗംഗയെ പറ്റി ഞങ്ങള്‍ അയാളോടു ചോദിച്ചു. എട്ടു മണിക്കൂറെങ്കിലും വേണ്ടിവരും അവിടെയെത്താന്‍ എന്നായിരുന്നു മറുപടി. മനോഹരമായ ഒരു കവിതയൊ പെയിന്റിങ്ങൊ പോലെ തോന്നിച്ചു കല്‍ഗ ഗ്രാമം. ഈ ഗ്രാമം പുല്‍ഗ, തുല്‍ഗ എന്നു പേരായ മറ്റു രണ്ടു ഗ്രാമങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.
ഞങ്ങള്‍ ഖീര്‍ഗംഗയിലേക്കുള്ള ട്രക്കിങ് തുടങ്ങി. ഗൈഡിനൊപ്പം പോകുന്നതാണ് അഭികാമ്യം എങ്കിലും ഗൈഡില്ലാതെ സഞ്ചരിക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. കല്‍ഗയില്‍നിന്ന് പ്രഭാതഭക്ഷണം കഴിക്കുമ്പോള്‍ ഞങ്ങള്‍ ബിസ്‌കറ്റു കൊടുത്ത നായയും ഒപ്പം വന്നു. അവനായിരുന്നു ഞങ്ങളുടെ ഗൈഡ്. ശരിയായ ദിശയിലേക്ക് ഞങ്ങളെ നയിച്ചുകൊണ്ട് അവന്‍ മുന്നില്‍ നടന്നു.
ആയാസമില്ലാത്ത ട്രക്കിങ്ങിന്റെ പട്ടികയിലാണ് ഖീര്‍ഗംഗ ഉള്‍പ്പെടുന്നതെങ്കിലും നഗരത്തില്‍നിന്നു വന്ന ഞങ്ങള്‍ക്ക് ഇത് നല്ല കഠിനമായി തോന്നി. ഖീര്‍ഗംഗയിലേക്കുള്ള പതിനൊന്നു കിലോമീറ്റര്‍ നടത്തം ശരിക്കും ഉള്‍ക്കരുത്തു പരീക്ഷിക്കുന്നതായിരുന്നു. ഖീര്‍ഗംഗയിലെത്താന്‍ ഒരു കുറുക്കുവഴി ഉണ്ടായിരുന്നെങ്കിലും അതിലേ പോകരുതെന്നും അത് അപകടകരമാണെന്നും ഞങ്ങള്‍ക്ക് നിര്‍ദേശം കിട്ടിയിരുന്നു.
രുദ്ര നാഗില്‍ അല്പസമയം ചെലവിട്ടശേഷം വീണ്ടും നടന്നു തുടങ്ങി. ഖീര്‍ഗംഗയിലെത്താന്‍ അരമണിക്കൂര്‍ ബാക്കിയുള്ളപ്പോള്‍ മഴ തുടങ്ങി. ഞങ്ങള്‍ വഴിയില്‍ അല്പസമയം കുടുങ്ങി. ഡല്‍ഹിയില്‍ നിന്നു വന്ന ഒരു സംഘം ആളുകളെ കണ്ടുമുട്ടി. അവര്‍ മുന്‍പ് ഖീര്‍ഗംഗയില്‍ പോയ അനുഭവങ്ങള്‍ പങ്കുവെച്ചു. അടുത്ത 45 മിനുട്ടുകൊണ്ട് ഞങ്ങള്‍ മുകളിലെത്തി. അവിടെ ഉണ്ടായിരുന്ന വിദേശികളായ കുറേ സഞ്ചാരികള്‍ 'നമസ്തേ'പറഞ്ഞ് അഭിവാദ്യം ചെയ്തു. ഇവിടെ ഒരു കാര്‍ത്തികേയ ക്ഷേത്രം ഉണ്ട്.
ഗണപതിയുമായുള്ള യുദ്ധത്തിനു ശേഷം കാര്‍ത്തികേയന്‍ ഇവിടെ ധ്യാനിച്ചു എന്നാണ് വിശ്വാസം.  ഖീര്‍ഗംഗയിലേക്കുള്ള വഴിയിലൊന്നും മൊബൈല്‍ നെറ്റ് വര്‍ക്ക് ലഭിക്കില്ല. എന്നാല്‍ ഖീര്‍ഗംഗയില്‍ നിന്ന് 15 മിനുട്ട് മാറിയൊരു സ്ഥലത്തെത്തുമ്പോള്‍ എയര്‍ടെല്‍, ബി.എസ്.എന്‍.എല്‍ നെറ്റ് വര്‍ക്കുകള്‍ കിട്ടും. ഞങ്ങള്‍ ചുടുനീരുറവയുടെ അടുത്തേയ്ക്ക് നടന്നു.

മലയുടെ മുകളിലുള്ള ശിവക്ഷേത്രത്തില്‍നിന്ന് ധാരാളം ആളുകള്‍ നീരുറവയുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു. ചുടുവെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ അതുവരെ തോന്നിയ ക്ഷീണമെല്ലാം അകന്നു. കുറേ സമയം അവിടെ ചെലവിട്ടു. സൂര്യന്‍ മറയും മുന്‍പ് തിരിച്ചെത്തണം. പോയതിലും ഉന്മേഷവാന്‍മാരായാണ് മടക്കം.
പുല്‍ഗ, തുല്‍ഗ, കല്‍ഗ എന്നീ ഗ്രാമങ്ങള്‍ കണ്ടില്ലെങ്കില്‍ പാര്‍വതി വാലിയിലേക്കുള്ള യാത്ര അപൂര്‍ണമാണ്. കസോള്‍ ഇന്നൊരു ടൂറിസ്റ്റ് കച്ചവടകേന്ദ്രം മാത്രമാണ്. അതുകൊണ്ടു തന്നെ ഉള്‍ഗ്രാമങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ കസോളില്‍നിന്ന് വീണ്ടും പോകണം. പാര്‍വതിവാലിയും അവിടുത്തെ ഗ്രാമങ്ങളും ഇത്തരം സഞ്ചാരികള്‍ക്ക് പറ്റിയ സ്ഥലങ്ങളാണ്. പുല്‍ഗയില്‍ നിന്ന് 90 മിനുട്ട് നടന്നാല്‍ കല്‍ഗയില്‍ എത്താം. തുല്‍ഗയില്‍ നിന്ന് 45 മിനുട്ട് അകലെയാണ് കല്‍ഗ. ആപ്പിള്‍ തോട്ടങ്ങള്‍ ധാരാളമുള്ള കല്‍ഗയുടെ ഭൂപ്രകൃതി അവിശ്വസനീയമാംവിധം സുന്ദരമാണ്.
ആപ്പിള്‍ കൃഷിയാണ് ഗ്രാമീണരുടെ പ്രധാനവരുമാനമാര്‍ഗം. ടൂറിസം രണ്ടാംസ്ഥാനത്തേ വരുന്നുള്ളൂ. ഓരോ ആപ്പിള്‍ തോട്ടവും ഒരു ഹോംസ്റ്റേ ആക്കി മാറ്റിയിട്ടുണ്ട്. അവിടെ സഞ്ചാരികള്‍ക്ക് താമസിക്കാം. തുല്‍ഗയില്‍ നിന്ന് കല്‍ഗയില്‍ എത്തുമ്പോള്‍ ഉച്ചയായിരുന്നു. നാലു മണിക്കൂറോളം അവിടെ ചെലവിട്ടു. ഇവിടെ നിറയെ കഫേകള്‍ ഉണ്ട്. അതിലൊന്നില്‍ കയറി ചായ കുടിച്ചു. കല്‍ഗയില്‍ ഒരു ദിവസം താമസിക്കണം. എങ്കില്‍ മാത്രമേ ഈ ഗ്രാമത്തെ അടുത്തറിയാന്‍ കഴിയൂ. നഗരത്തിലെ ബഹളങ്ങളില്‍ നിന്നകന്ന് സുന്ദരമായൊരു ഗ്രാമത്തില്‍ നിശ്ശബ്ദമായ നിമിഷങ്ങള്‍ ചെലവിടുന്നത് നല്ലൊരു അനുഭവമാണ്. കല്‍ഗയിലായിരുന്നു അന്ന് താമസം. പുല്‍ഗയിലും താമസസൗകര്യങ്ങള്‍ ലഭ്യമാണ്.
പുല്‍ഗയിലൂടെ നടക്കുന്നതിനിടെ ഗ്രാമത്തിന്റെ അങ്ങേ അറ്റത്തുള്ള ഭൂം ശങ്കര്‍ എന്ന ഹോംസ്റ്റേ കണ്ടു.  ഹിമാചലിന്റെ പരമ്പരാഗതശൈലിയില്‍ തടിയില്‍ തീര്‍ത്ത ഹോംസ്റ്റേ ആയിരുന്നു അത്. പത്ത് മുറികളാണ് ഉള്ളത്. എല്ലാ മുറിയിലും ഡബിള്‍ ബെഡ് ഉണ്ട്. മറ്റെല്ലാ ഹോംസ്റ്റേകളേക്കാളും സൗകര്യപ്രദമായ ഒന്നായി തോന്നി ഇവിടം. പക്ഷേ, മുറിയോടു ചേര്‍ന്ന് ബാത്ത്റൂം ഇല്ല. പുല്‍ഗയിലെ എന്റെ അനുഭവത്തില്‍ നിന്ന് ഇവിടെ ഒരു ഹോംസ്റ്റേയിലും അറ്റാച്ച്ഡ് ബാത്ത്റൂം ഇല്ലെന്ന് മനസ്സിലായി. എന്നാല്‍ പുല്‍ഗ സന്ദര്‍ശിക്കുകയാണെങ്കില്‍ അതു വലിയ കുഴപ്പം പിടിച്ച സംഗതിയല്ലെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും.

കല്‍ഗയിലെ താമസത്തിനു ശേഷം പിറ്റേന്ന് രാവിലെ തുല്‍ഗയിലേക്ക് പുറപ്പെട്ടു. പുല്‍ഗയുടെയും കല്‍ഗയുടെയും മധ്യത്തിലായാണ് തുല്‍ഗ. പുല്‍ഗയില്‍ നിന്ന് കല്‍ഗയിലേക്കു സഞ്ചരിക്കുന്നതിനിടെ ഈ ഗ്രാമത്തില്‍ എളുപ്പത്തില്‍ എത്തിച്ചേരാം. ഈ മൂന്ന് ഗ്രാമങ്ങളില്‍ ടൂറിസ്റ്റുകള്‍ ഏറ്റവും കുറവ് എത്തുന്ന ഗ്രാമം കൂടിയാണ് തുല്‍ഗ. തുല്‍ഗയില്‍ ഞങ്ങള്‍ എത്തിയ ദിവസം ഹോളി ആഘോഷം നടക്കുകയായിരുന്നു. മുഖത്തേക്ക് നിറങ്ങള്‍ വാരിയെറിഞ്ഞാണ് ഗ്രാമീണര്‍ ഞങ്ങളെ സ്വീകരിച്ചത്. പുല്‍ഗയിലേക്കും കല്‍ഗയിലേക്കും പോകുന്ന ചുരുക്കം ചില സഞ്ചാരികള്‍ മാത്രമാണ് ഇവിടെ എത്തിച്ചേരാറുള്ളത്. താമസക്കാരുടെ എണ്ണവും കുറവാണ്.
അന്നുതന്നെ മണികരണിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഹോളി ആയതിനാല്‍ വിരലിലെണ്ണാവുന്ന ബസ്സുകള്‍ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ. അതിനാല്‍ ഞങ്ങള്‍ ഒരു ടാക്‌സി പിടിച്ചു. താഴ്വരയുടെ ചില ഭാഗങ്ങള്‍ കഞ്ചാവു കൃഷിക്ക് കുപ്രസിദ്ധമാകയാല്‍ പൊലീസ് പരിശോധന കര്‍ശനമാണ്. ഇടയ്ക്കിടെ പൊലീസുകാര്‍ ടാക്‌സി തടഞ്ഞ് പരിശോധിക്കും. പുകവലി ശീലമില്ലാത്ത ഞങ്ങള്‍ക്ക് പൊലീസിനു മുന്നില്‍ എപ്പോഴും ബാഗു തുറക്കുന്നതും സാധനങ്ങള്‍ തിരികെ വെക്കുന്നതും ഒരു തമാശയായാണ് തോന്നിയത്.
ഉച്ചതിരിഞ്ഞ് 3.30ഓടെ ഞങ്ങള്‍ മണികരണില്‍ എത്തി. ലഗേജുമെടുത്ത് ചുടുതടാകത്തിന് അരികിലേക്ക് ഓടി. അവസാനമായി അതിലൊന്നു മുങ്ങാന്‍. കസോളില്‍ എത്തിയപ്പോള്‍ വീണ്ടും ഇസ്രായേലി വിഭവങ്ങള്‍ രുചിച്ചു. കസോളില്‍ നിന്ന് ഷിംലയിലേക്കും കുളുവിലേക്കും ബസ്സുകളുണ്ട്. കുളുവിലേക്കുള്ള ബസ് ഞങ്ങള്‍ക്കു കിട്ടിയില്ല. അവശേഷിച്ച ബസ് ഷിംലയിലേക്കുള്ളതാണ്. അതില്‍ ഞങ്ങള്‍ യാത്രയായി.
പുലര്‍ച്ചെ മൂന്നു മണിക്കാണ് ഷിംലയില്‍ എത്തിയത്. പോകേണ്ട അടുത്ത ബസ് അഞ്ച് മണിക്കായിരുന്നു. ഹോട്ടലുകളിലേക്ക് താമസത്തിന് ആളെ പിടിക്കാനെത്തിയവര്‍ ഞങ്ങള്‍ക്കു ചുറ്റും കൂടി. അവരെ ഞങ്ങള്‍ അവഗണിച്ചു. കിന്നൗര്‍ വാലിയിലേക്കാണ് അടുത്ത യാത്ര. ബസ്സില്‍ ഏകദേശം ഒമ്പത് മണിക്കൂറെടുത്തു അവിടെയെത്താന്‍. ഡിസംബര്‍ മുതല്‍ മെയ് വരെയുള്ള ശൈത്യകാലത്ത് ഇവിടം അടഞ്ഞു കിടക്കും. കനത്ത മഞ്ഞുവീഴ്ചയാണ് ഇക്കാലത്ത് അനുഭവപ്പെടുക. വൈകിട്ട് നാലുമണിയോടെയാണ് ഞങ്ങള്‍ സഞ്ചരിച്ച ബസ് ഇവിടെ എത്തിച്ചേര്‍ന്നത്. ഡെറാഡൂണിലേയ്ക്കുള്ള മടക്കയാത്രയ്ക്ക് രണ്ടു ദിവസം മാത്രമേ അവശേഷിക്കുന്നുള്ളൂ.
താമസത്തിന് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസാണ് തിരഞ്ഞെടുത്തത്. ഇവിടെ ലഭിക്കുന്നതില്‍ വെച്ചേറ്റവും നല്ലത് അതാണ്. ലഗേജ് മുറിയില്‍ വെച്ചശേഷം ടിബറ്റന്‍ ഭക്ഷണങ്ങള്‍ തേടി ഞങ്ങള്‍ നടന്നു. പ്രധാന കേന്ദ്രമായ സന്‍ഗ്ലയില്‍ ഒട്ടേറെ ടിബറ്റന്‍ റസ്റ്റോറന്റുകള്‍ ഉണ്ട്. നിറയെ ആപ്പിള്‍ മരങ്ങള്‍ കിന്നൗറിലും കാണാം.

സന്‍ഗ്ല തന്നെയാണ് കിന്നൗറിലെ പ്രധാന സ്ഥലം. സൈബര്‍ കഫേയും എസ്.ബി.ഐയുടെ എ.ടി.എമ്മും സന്‍ഗ്ലയുടെ പ്രധാന തെരുവിലുണ്ട്. പാറകള്‍ നിറഞ്ഞ പ്രതലത്തിലൂടെ രണ്ട് കിലോമീറ്റര്‍ ഉത്തരഭാഗത്തേക്ക് സഞ്ചരിച്ചാല്‍ കമ്രു ഗ്രാമത്തിലെത്താം. ബുഷാഹര്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഇവിടം. ഗോപുരമാതൃകയിലുള്ള കമ്രു കോട്ടയും കാമാഖ്യദേവിയുടെ വിഗ്രഹവും ഇവിടെ കാണാം.

Courtesy : Mathrubhumi Travel

No comments:

Post a Comment