Latest News

Sunday, 20 November 2016

അച്ഛൻ

               പീടികപൂട്ടാൻ അവസാന നിരപ്പലകയും ഇടുമ്പോഴാണ് മിക്കവാറും അയാൾ എത്തുക. ദൂരെ എവിടെയോ പണിക്ക് പോയി വരുന്ന വഴിയാണ്.

"അയ്മ്പത്‌ ചായപ്പൊടി, ഇരുനൂറ് പഞ്ചാര, ഇരുനൂറ്റയ്മ്പത് അവില്, ഒരു കെട്ട് ബീഡിയും തീപ്പെട്ടിയും ഒരു മെയ്ത്തിരിയും"
പിന്നെ മറക്കാതെ പൊതിഞ്ഞു വാങ്ങും അഞ്ചാറ് കടലമുട്ടായിയോ നൂറ്‌ കൂന്തിയോ. സാധനങ്ങൾ കയ്യിലെ സഞ്ചിയിലിട്ട് കടലാസിൽ ചുരുട്ടിയ മെഴുകുതിരി കത്തിച്ച്‌ ഇരുട്ടിലൂടെ അയാളങ്ങു നടന്നുപോകും.
മണ്ണട്ടയും പേക്കാംതവളയും കരയുന്ന വയൽ വരമ്പിലൂടെ നീങ്ങി വരുന്ന മെഴുകുതിരി വെളിച്ചം അടുത്തടുത്തെത്തുന്നത് ഉറങ്ങാതെ നോക്കിയിരിക്കുന്നുണ്ടാകും കുഞ്ഞിക്കണ്ണുകൾ. കോണിക്കല്ല് കയറുന്ന ചെരിപ്പിന്റെ ഒച്ച കേൾക്കുമ്പോഴേ അവർ കോലായിൽ നിന്നിറങ്ങി മുറ്റത്തെത്തും.
"അച്ഛനിങ്ങ്‌ കേറിക്കോട്ടെടാ" എന്നും "ഒന്നടങ്ങി നിക്ക് പെണ്ണേ" എന്നും സഞ്ചി വാങ്ങുമ്പോൾ അമ്മ ശാസിക്കുന്നത് വകവെക്കാതെ ഉള്ളിലെ പൊതി കിട്ടാനുള്ള തിടുക്കമായിരിക്കും. അതൊക്കെയും ചെറിയൊരു ചിരിയോടെ നോക്കി നിൽക്കും അയാൾ.
മുണ്ടും കുപ്പായവും അഴിച്ച്‌ അയയിലിട്ട് തോർത്തുമുടുത്ത്‌ ഉമ്മറത്തിരുന്ന് ബീഡി വലിക്കുന്ന അച്ഛനോട് കയ്യിലുള്ള കൂന്തിയോ കടലമുട്ടായിയോ രുചിയോടെ തിന്നുകൊണ്ട് പറയാൻ എമ്പാടും വിശേഷങ്ങളുണ്ടാകും.
"അച്ഛാ....നാളെ സാഹിത്യ സമാജത്തിന്‌ ഞാൻ പദ്യം ചൊല്ലാനുണ്ട് "
"അച്ഛാ..... നാളെ നിക്കൊരു നൂറു പേജിന്റെ വരയുള്ള നോട്ട് ബുക്ക് വേണേ"
ഒരു പകലിന്റെ മടുപ്പും ഒറ്റപ്പെടലും പൊളിച്ചു കളഞ്ഞ്‌ അയാൾക്ക് ചുറ്റും സന്തോഷങ്ങൾ ചിറക് വെച്ച് പറക്കാൻ തുടങ്ങും.
"ഇങ്ങള് കുട്ട്യേളെ വാർത്താനോം കേട്ടിരിക്യാ... വേം കുളിക്ക് ഞാൻ ചോറ് വെളമ്പട്ടെ"
കിണറ്റിൻ കരയിൽ നിലാവ് വീണു കിടക്കുന്നുണ്ടാകും. കിണറിന്റെ ആഴത്തിലേക്ക് ഇറങ്ങി പൊന്തിവരുന്ന കൊട്ടക്കോരിയിൽ നിന്ന് അമ്പിളി തുളുമ്പി ചിരിക്കും.
ഒരു പകലിന്റെ ക്ഷീണവും തളർച്ചയും സങ്കടങ്ങളുമൊക്കെ ഓരോ തൊട്ടി വെള്ളത്തിലുമായി ഒഴുകിപ്പോകും.
കുളിച്ചു തോർത്തി വരുമ്പോഴേക്കും മക്കൾ ഉറങ്ങിയിട്ടുണ്ടാകും. പുലർച്ചെ പണിക്ക് പോകുമ്പോഴും അവർ ഉണർന്നിട്ടുണ്ടാവില്ല. കാത്തിരുന്ന് കാത്തിരുന്ന് രാത്രി ഇത്തിരി നേരം കിട്ടുന്ന അച്ഛനോട് കിന്നാരവും പരിഭവവും ആവലാതിയും സന്തോഷവുമൊക്കെ പങ്കുവെച്ച ആഹ്ലാദത്തോടെ അവർ.....
ചിമ്മിണികുപ്പിയുടെ തിരി നീട്ടിവെച്ച്‌ അയാൾക്ക് ചോറും കറിയും വിളമ്പിക്കൊടുക്കുമ്പോൾ കുട്ടികളുടെ അമ്മ പറയുന്നുണ്ടാകും പകലിന്റെ വിശേഷങ്ങളും മക്കളുടെ വർത്തമാനങ്ങളും......
വിളക്ക് കെടുത്തിയാൽ ജാലകത്തിനപ്പുറം കാത്തു നിന്ന നിലാവ് മുറിയിലേക്ക് ഓടിക്കയറും. മധുരം നുണഞ്ഞ മുഖത്തോടെ ഉറങ്ങുന്ന മക്കളുടെ മുഖം നിലാവെട്ടത്തിൽ തിളങ്ങുന്നത് നോക്കി ഉറക്കം വരാതെ കിടക്കുമയാൾ. സുരക്ഷിതത്വത്തിന്റെ ഒരു കൈചുറ്റിലേക്ക് അവരെ ചേർത്തു കിടത്തും.
രാത്രിയിരുട്ടിൽ മധുരമായി കയറി വരുന്നൊരു നിലാച്ചിരിയുടെ തണുപ്പാണച്ഛൻ.

Courtesy : WhatsApp

No comments:

Post a Comment